കവിതാപരിഭാഷ

ലക്ഷ്യഭാഷയുടെ സാധ്യതകൾ കാണിച്ചു തരികയും പരിമിതികളെ അതിജീവിക്കാൻ കെൽപ്പുള്ളതാക്കി ആ ഭാഷയെ മാറ്റിയെടുക്കുകയും ചെയ്യുന്നതു വഴിയാണ് പരിഭാഷകൾ ഭാഷയുടെ വളർച്ചയിൽ നിർണ്ണായക സാന്നിധ്യമായി മാറുന്നത്. കവിതാപരിഭാഷ സ്വാതന്ത്ര്യമുള്ള കലയല്ല. ഭാഷയെ എന്തിനും വഴങ്ങുംവിധത്തിൽ സ്വതന്ത്രമാക്കാനുള്ള കലയാണ്. പരിഭാഷ ഓരോ ഭാഷയിലും വിമർശനത്തിൻ്റെ കർമ്മം കൂടി നിർവ്വഹിക്കുന്നുണ്ടെന്ന് പറയുന്നതിൻ്റെ അടിസ്ഥാന കാരണവും മറ്റൊന്നുമല്ല, ഓരോ ഭാഷയിലെയും പുതുമയും ആ ഭാഷയ്ക്ക് സാധ്യമാകുന്ന ശേഷികളും വെളിപ്പെടുത്തിക്കൊണ്ട് ആ ഭാഷയിൽ നിലനിൽക്കുന്ന സാഹിത്യസൃഷ്ടികൾക്ക് പരിഭാഷകൾ വെല്ലുവിളിയുയർത്തും.

കവിതയുടെ ഭാഷ

നേരെചൊവ്വെ പങ്കുവെക്കാൻ പ്രയാസമുള്ളതും സങ്കീർണ്ണമായതുമായ കാര്യങ്ങളെ ആവിഷ്കരിക്കാനാകുന്ന മാധ്യമമെന്ന നിലയിലാണു കവിത എൻ്റെ എഴുത്തുരൂപമാകുന്നത്. ആദ്യ വായനയിൽ ലളിതമെന്ന തോന്നൽ ഉണ്ടാക്കുകയും അതേസമയം അനേകം സാധ്യതകൾ മുന്നോട്ടുവെക്കാനാകും എന്നതിനാൽ സങ്കീർണ്ണമായിരിക്കുകയും ചെയ്യുന്ന കവിതകൾ എഴുതാനാണ് പൊതുവെ ഞാൻ ആഗ്രഹിക്കുന്നത്. കവിതയ്ക്കായി ഞാൻ ആശ്രയിക്കുന്ന ഭാഷ, അതായത് മലയാളം, എന്നെ സംബന്ധിച്ച് കവിതയിലേക്ക് എത്തിച്ചേരാനുള്ള മീഡിയം മാത്രമാണ്. മലയാള ഭാഷായുടേതായ ചില സൗന്ദര്യസാധ്യതകൾ ഞാൻ ഉപയോഗിക്കാറുണ്ട്, ഇല്ലെന്നല്ല. എന്നിരിക്കിലും മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വല പോലെയാണ് എനിക്ക് മലയാളം. മീൻ കിട്ടി കഴിഞ്ഞാൽ പിന്നെ പിടിക്കാൻ നോക്കിയ ആളും മീനും തമ്മിലാണ് ഇടപാട്. അതേമട്ടിൽ കവിതയിൽ എത്തിക്കഴിഞ്ഞാൽ കവിതയും കവിയും തമ്മിലുള്ളത്, പിന്നീട് കവിതയും വായനക്കാരനും തമ്മിലുള്ളതും, കവിതയുടെ ഭാഷയിൽ കവിതയ്ക്കുമേൽ നടത്തുന്ന വിനിമയമാണ്. ഭാഷയ്ക്കുള്ളിലെ ആ ഭാഷയിൽ കവിത വായനക്കാരനോട് പങ്കുവെക്കുന്നതും വായനക്കാരൻ മനസ്സിലാക്കിയെടുക്കുന്നതും കവിയുമായി സംവദിച്ച കാര്യങ്ങൾ ആകണമെന്നുപോലുമില്ല. ഇതൊരു വേറിട്ട സങ്കൽപ്പ​മൊന്നുമല്ല. എങ്കിലും കവിതയെ കൂടുതൽ കവിതയാക്കി മാറ്റുകയാണ് ഒരു കവിയെന്ന നിലയിൽ ഇക്കാലത്ത് ചെയ്യേണ്ടതെന്ന എന്റെ ധാരണയ്ക്ക് അടിവരയിടാൻ ഇതിനാകുന്നുണ്ട്.

ചെഖോവിൽ നിന്നും കവികൾക്ക്

ചെഖോവിനെ വായിക്കുമ്പോൾ ഏറ്റവും സന്തോഷം തരുന്ന കാര്യം ചില കവിതാമുഹൂർത്തങ്ങളെ കണ്ടുമുട്ടുന്നതാണ്. അതുകൊണ്ടാകണം ലിഡിയ ഡേവിസിന്റെ ക(വി)ഥകളിലും റേയ്മണ്ട് കാർവറുടെ കവിതകളിലും ചെഖോവിൽ നിന്നുള്ള സന്ദർഭങ്ങൾ കടന്നുവരുന്നത്. കാർവറുടെയും ഹാവിയർ മരിയാസിന്റെയും അമോസ് ഓസിന്റെയും ഫിക്ഷനിൽ ഇത്തരം കവിതാമുഹൂർത്തങ്ങൾ കാണാം. എന്നാൽ നമ്മുടെ ഭാഷയിലെ കവിതയിൽ, അത് സമീപകാലത്തെ മാത്രമല്ല, എക്കാലത്തെയും കവിതയിൽ അത്തരം കവിതാമുഹൂർത്തങ്ങൾ പൊതുവിൽ കുറവാണെന്നാണ് വായനാനുഭവം. ഞാനാകട്ടെ ജീവിതത്തിലും കവിതയിലും അത്തരം നിമിഷങ്ങൾ കണ്ടെടുക്കുന്നതിലും പ്രിസെർവ് ചെയ്യുന്നതിലും അതീവതല്പരനും.

നമ്മുടെ കവിതകൾ കൂടുതലും വെറും വിവരണങ്ങൾ മാത്രമാണ്. സംഗീതത്തിന്റെയും വേർഡ് പ്ലേയുടെയും അകമ്പടിയോടെ നടത്തുന്ന ഗിമ്മിക്കുകൾ. വിവരിക്കുന്ന കാര്യത്തിന്റെ സാമൂഹികപ്രസക്തിയും രാഷ്ട്രീയശരിയും നോക്കിമാത്രം അവയെ മഹത്തായ കവിതയാക്കി മാറ്റുന്ന ഗതികേടിൽ നമ്മൾ എത്തിപ്പെടുന്നതും ഇങ്ങനെയാകണം. സവിശേഷതകളൊന്നും തന്നെയില്ലാത്ത മുഹൂർത്തത്തെ ഭാഷകൊണ്ട് കവിതയാക്കിമാറ്റുന്ന ശേഷിയെപോലും തിരിച്ചറിയാത്ത കവികളെത്ര പേരാണ് ഇവിടെ!.

വീസ്വാവ ഷിംബോർസ്ക, ഒരു യുവകവിയുടെ കവിതകൾ വായിച്ച് ഇങ്ങനെ പറഞ്ഞു: "‘ഇവിടെ’ എന്നു പേരിട്ടിരിക്കുന്ന നിങ്ങളുടെ കവിത ഒരു മുറിയുടേയും അതിലുള്ള മേശകസേരകളുടേയും ഗദ്യവിവരണം മാത്രമാണ്‌. ഇങ്ങനെയൊരു വിവരണത്തിന്‌ ഒരു ഗദ്യരചനയിൽ കൃത്യമായ ഒരു ധർമ്മം നിർവ്വഹിക്കാനുണ്ട്— തൊട്ടുപുറകെ നടക്കാനിടയുള്ള പ്രവർത്തിയ്ക്ക് പശ്ചാത്തലം ഒരുക്കുക. ഒരു നിമിഷത്തിനുള്ളിൽ വാതിൽ തുറക്കപ്പെടും, ഒരാൾ കയറിവരും, എന്തെങ്കിലുമൊന്ന് സംഭവിക്കും. എന്നാൽ കവിതയിലാകട്ടെ, ആ വിവരണം തന്നെയാണ്‌ 'സംഭവിക്കേണ്ടത്'... സാധാരണമായ ആ മുറിയുടെ വിവരണം കണ്മുന്നിൽ ആ മുറിയുടെ കണ്ടെടുക്കലാകണം, ആ വിവരണത്തിൽ ഉൾച്ചേർന്ന വികാരം വായിക്കുന്നയാൾ അനുഭവിക്കണം. അതല്ലെങ്കിൽ ഗദ്യം ഗദ്യം മാത്രമാകും, വാക്യങ്ങളെ വരി മുറിച്ച് കവിതയാക്കാൻ നിങ്ങളെത്ര കഷ്ടപ്പെട്ടാലും. ഒന്നും നടക്കുന്നില്ലെന്നതാണ് കഷ്ടം."

ചെഖോവിൽ നിന്നും കവികൾക്ക് പഠിക്കാൻ രണ്ട് കാര്യങ്ങളുണ്ടെന്നു ബില്ലി കോളിൻസ് പറയുന്നു: One is the use of very specific detail—the particulars of experience—to keep the story anchored to external reality. So too can poets use detail to anchor a poem. The other is the use of inconclusive or “soft” endings. Chekhov does not solve problems for the characters. Similarly, the endings of poems do not need to resolve things. A soft ending—when a poem just ends in an image—can work.

പുതുമ: കവിതാവിചാരങ്ങൾ

 നമുക്ക് ചുറ്റുമുള്ള ലോകത്തെയും നമ്മുടെ ഭാഷയെയും കവിതകൊണ്ട് പുതുക്കാനാകുന്നു. മറ്റെല്ലാവരും ഉപയോഗിക്കുന്ന അതേഭാഷ തന്നെയാണ് കവികളും ഉപയോഗിക്കുന്നത് എന്നാൽ കേവലം ആശയവിനിമയം എന്നതിനപ്പുറത്തേക്കു ഭാഷയെ കൊണ്ടുപോകാനും അതുവഴി ഭാഷയെയും ചുറ്റുപാടുകളെയും പുതുക്കാനും സാധിക്കുന്നതുകൊണ്ട് ഞാൻ കവിതയ്ക്കൊപ്പം സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നു. റഷ്യൻ ചിന്തകനായ വിക്റ്റർ ഷ്ക്ലോവ്കി കലാഭാഷയുടെ ഈ ശേഷിയെ “ostraneniye” എന്നു വിളിക്കുന്നു. പരിചിതമായതിനെ മറ്റൊരു രീതിയിൽ നോക്കിക്കാണുന്നതിനെയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഇതിലേക്കു നയിക്കുന്ന കലകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കവിത. ഇങ്ങനെയൊരു ശേഷി എല്ലാകാലത്തും പ്രകടിപ്പിക്കുന്ന കലകൾ എല്ലാ കാലത്തും പുത്തനായി നിൽക്കുമായിരിക്കും.

• • • • • •

എഴുതപ്പെട്ട വരികൾ കവിതയായി മാറുന്നത് ഒരു പ്രക്രിയയാണ്. ആ പ്രക്രിയ പൂർത്തീകരിക്കാൻ എഴുതപ്പെട്ട വരികൾക്കു പുറമെ വായനക്കാരനും അയാളുടെ ലോകവും ആവശ്യമാണ്. എഴുതപ്പെട്ടത് നൂറ്റാണ്ടുകൾക്കു മുമ്പാണെങ്കിലും കവിതയായി മാറുന്ന പ്രക്രിയ ഇന്നിൽ നിൽക്കുന്ന വായനക്കാരനിലൂടെ പൂർത്തീകരിക്കാനാകുന്നുവെങ്കിൽ അവിടെ എഴുതിയകാലത്തെ അടിസ്ഥാനമാക്കിയുള്ള കവിതയുടെ പഴക്കം പ്രാധാന്യം അർഹിക്കുന്നില്ല. അതിനാൽതന്നെ കവിതയിലെ പുതുമ കവിയുടെ കാലത്തെ അടിസ്ഥാനമാക്കി നിർണ്ണയിക്കുന്നതിൽ വലിയകാര്യമില്ല.

• • • • • •

ഇറാൻ കൊലിറിന്റെ ദ് എക്സ്ചേഞ്ച് എന്ന സിനിമ പുതുമയെ സംബന്ധിച്ച എന്റെ സങ്കൽപ്പങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. സിനിമയിലെ പ്രധാന കഥാപാത്രമായ കോളേജ് അധ്യാപകൻ എന്നും ഒരേ രീതിയിൽ ജീവിതം തുടരുന്ന ഒരാളാണ്. ഒരു ദിവസം പതിവിന് വിപരീതമായി പകൽനേരത്ത് വീട്ടിലെത്തുമ്പോൾ ആ നേരത്തെ വീടകം അയാളിൽ നവ്യാനുഭവമാകുകയാണ്. അയാൾ എന്നും രാവിലെ കോളെജിൽ പോകുമ്പോൾ കാണുന്നതോ വൈകീട്ട് വീടെത്തുമ്പോൾ കാണുന്നതോ ആയ അകമല്ല ആ പകലിൽ അയാൾ അനുഭവിക്കുന്നത്, ഈ തിരിച്ചറിവാണ് പുതുമയ്ക്ക് കാരണമാകുന്നത്. തൊട്ടടുത്ത ദിവസം എന്നും ഇറങ്ങാറുള്ള ബസ് സ്റ്റോപ്പിനു പകരം തൊട്ടപ്പുറത്തെ സ്റ്റോപ്പിൽ ഇറങ്ങി അയാൾ കോളെജിലേക്ക് നടക്കുന്നു. ഇത്തരത്തിൽ താൻ കാലങ്ങളായി പിന്തുടർന്നുവരുന്ന തന്റെ ദിനചര്യകളിൽ മാറ്റം വരുത്തുകയും ആ ചെറുമാറ്റങ്ങളിലൂടെ അയാൾ തന്റെ ജീവിതത്തെ നവീകരിക്കുകയും ചെയ്യുന്നു. പരിചിതമായതിൽ നിന്നുള്ള വേറിടൽ വായനയിലെ മടുപ്പിനെ മറികടക്കാൻ കവിതാവായനക്കാരൻ എന്ന നിലയിൽ എന്നെ സഹായിക്കുന്നു. എല്ലാത്തരം കവിതകളും വായിക്കുന്നു.

• • • • • •

മറ്റൊരു ഭാഷയിലെ കവിത വായിക്കുന്നതിനെ പറ്റി ഒലാവ് എച്ച്. ഹോഗ് ഇങ്ങനെ എഴുതുന്നു: ഒരന്യഭാഷയിലെ കവിത വായിക്കുന്നത് എപ്പോഴും ആനന്ദപ്രദമാണ്‌. അന്യവും വൈദേശികവുമായത് എപ്പോഴും നമ്മെ വശീകരിക്കും. ഒരന്യഭാഷ സ്വന്തം ഭാഷ പോലെ ഒരിക്കലും നമുക്കു വ്യക്തമായിരിക്കില്ല, അത്ര ഉപയോഗിച്ചു പഴകിയതുമാവില്ല. സകലതും, ഏറ്റവും സാധാരണമായ കാര്യം പോലും നമുക്കു പുതുമയായി തോന്നും.

• • • • • •

ഇംഗ്ലീഷ് ഭാഷയിൽ വായിക്കാൻ തുടങ്ങിയ സമയത്ത് ‘തെറ്റായി വായിക്കൽ’ പതിവായി സംഭവിക്കുന്ന കാര്യമായിരുന്നു. പിന്നീട് സാമാന്യം തരക്കേടില്ലാതെ അർത്ഥം മനസ്സിലാക്കാൻ തുടങ്ങിയപ്പോൾ മാത്രമായിരുന്നു ആ വായന തെറ്റായിരുന്നുവെന്നു തിരിച്ചറിഞ്ഞത്. ഇപ്പോൾ മറ്റൊരു തിരിച്ചറിവ് കൂടി ഉണ്ടായിരിക്കുന്നു: കവിതയിൽ ‘തെറ്റായി വായിക്കൽ’ ഒരുതരത്തിൽ ശരിയായ വായനയിലൊന്നാണ്.

ഭാവനയുടെ വകഭേദങ്ങൾ

നിലവിൽ ഉണ്ടായിരിക്കുന്നതോ സാധ്യമായതോ യഥാര്‍ത്ഥമാകുന്നതോ ആയ കാര്യങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിക്കാനുള്ള സാധ്യത തുറന്നിടുന്നതുകൊണ്ട് മനുഷ്യന് ഭാവന പ്രധാനമാണ്. ഭാവനയിൽ കാണുന്ന കാര്യത്തിന് യഥാർത്ഥമാകേണ്ട യാതൊരു ബാധ്യതയുമില്ല. എന്നാൽ എന്തെങ്കിലും മോഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യുമ്പോൾ അവ സാധ്യമാകാൻ ഇടയുള്ള ഒന്നായിരിക്കണം എന്ന നിബന്ധന അവയുടെ സാധുത നിർണ്ണയിക്കുന്നതിൽ നിലനിൽക്കുന്നുണ്ട്. ഭാവന മനുഷ്യന്റെ പലവിധ പ്രവർത്തികളിലും മുഖ്യമായ പങ്കുവഹിക്കുന്നു. സർഗ്ഗാത്മകതയുടെ അടിസ്ഥാനംതന്നെ ഒരു തരത്തിൽ ഭാവനയാണ്.

ഭാവനയെന്നത് കലാസൃഷ്ടിയിൽ ഏർപ്പെടുന്നവരുടെയും കലാസ്വാദനം നടത്തുന്നവരുടെയും മാത്രം ആവശ്യകതയല്ല. തീരുമാനങ്ങൾ കൈക്കൊള്ളേണ്ടി വരുമ്പോൾ, അത്ര പരിചിതമല്ലാത്ത ഒരു പ്രവർത്തിയിൽ ഏർപ്പെടേണ്ടി വരുമ്പോൾ മനുഷ്യർ അവരുടെ ഭാവനയെ ആശ്രയിക്കുന്നു. പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിൽ, പോംവഴികൾ സ്വയം കണ്ടെത്തുന്നതിൽ, കാര്യങ്ങൾ സ്വയം പഠിച്ചെടുക്കുന്നതിൽ, ഇതിലെല്ലാമുപരി സ്വപ്രയത്നത്താൽ വിജയം കൈവരിക്കുന്നതിൽ നിന്നും ലഭിക്കുന്ന സന്തോഷവും അതിയായ സംതൃപ്തിയും നമ്മുടെ ജീവിതത്തെ താല്പര്യജനകവും മൗലികവും ആക്കിത്തീർക്കും. ഇത്തരം പ്രവർത്തികൾ സാധ്യമാകുന്നത് മനുഷ്യർ തങ്ങളുടെ ഭാവനയെ ഉപയോഗപ്പെടുത്തുന്നതിലൂടെയാണ്.

ഭാവനയുമായി ബന്ധപ്പെട്ട് നടക്കുന്ന മിക്ക ആലോചനകളും മനുഷ്യന്റെ വിവിധ പ്രവർത്തികളിലും മനസ്സിലാക്കലിലും കേന്ദ്രീകരിച്ചുകൊണ്ടാണ് നടന്നുവരുന്നത്. മനുഷ്യമനസ്സിനെ മനസ്സിലാക്കുന്നതിനായും കലാപ്രവർത്തികൾക്കായും അറിവ് ആർജ്ജിക്കുന്നതിനായും ഭാഷയെ പ്രവർത്തനയോഗ്യമാക്കുന്നതിനായുമെല്ലാം നമ്മൾ ഭാവനയെ ആശ്രയിക്കുന്നു. മനുഷ്യന്റെ ചിന്തയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം ഭാവനയുടെ ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.

വാസ്തവമെന്നു കരുതുന്ന ഭാവനയുടെ വകഭേദത്തെയാണ് നമ്മൾ വിശ്വാസമെന്ന് പറയുന്നത്. ‘ഞാൻ വിശ്വസിക്കുന്നത് അവന്റെ വീടിന് തീപിടിച്ചെന്നാണ്’ എന്നൊരാൾ പറയുമ്പോഴും ‘അവന്റെ വീടിന് തീപിടിച്ചതായി ഞാൻ ഭാവിക്കുന്നു’ എന്ന് പറയുമ്പോഴും ഉണ്ടാകുന്ന വ്യത്യാസം ഭാവനയും വിശ്വാസവും തമ്മിലുണ്ട്. ഭാവന ആയാലും വിശ്വാസം ആയാലും അവ നേരാകണമെന്നില്ല, എങ്കിലും വിശ്വാസത്തിന്റെ കാര്യത്തിൽ ‘വിശ്വസിക്കുന്നവർ’ അത് സത്യമാണെന്ന് ഏതാണ്ട് ഉറപ്പിക്കുന്നു. ഭാവനയാകട്ടെ അത് സത്യമാണെന്ന ചിന്തയിലേക്ക് ചെന്നെത്താൻ നിർബന്ധിക്കില്ല. വിശ്വാസം പ്രവർത്തികളിലേക്ക് നയിക്കുന്നവ കൂടിയാണ്. അവന്റെ വീടിന് തീപിടിച്ചെന്ന വിശ്വസിക്കുന്ന ആൾ ആ വീട്ടിലേക്ക് തീയണയ്ക്കാൻ പോകാൻ ഇടയുണ്ട്. തീപിടിച്ചതായി ഭാവിക്കുമ്പോൾ അങ്ങനെയൊരു പ്രവർത്തിയ്ക്ക് മുതിരില്ല. വിശ്വാസം വൈകാരികമായി കൂടുതൽ ബാധിക്കുന്നു. എന്നാൽ ഭാവനയെ സംബന്ധിച്ച് അത് കേവലം ഭാവനയാണ് എന്ന തോന്നൽ ഉള്ളിടത്തോളം അത്രയും വികാരതീവ്രതയോടെയുള്ള സമീപനം ഉണ്ടാകാറില്ല.

‘അങ്ങനെയായെങ്കിൽ’ എന്ന ചിന്ത വരുന്നത് ഭാവന ചെയ്യാനുള്ള ശേഷിയിൽ നിന്നുമാണ്. അങ്ങനെയായെങ്കിൽ എന്ന മട്ടിലുള്ള സങ്കൽപ്പചിന്തകൾ സാധ്യത ആരായുകയാണ്. അതിനാൽ യുക്തിപരമായ ചില നിയന്ത്രണങ്ങൾ അവയ്ക്കുമേൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഭാവന ആകട്ടെ അത്തരം നിയന്ത്രണങ്ങളിൽ ഒതുങ്ങുന്ന ഒന്നല്ല.

ഓർമ്മിക്കുക എന്നാൽ, ഏതാണ്ട്, നിലവിൽ ഇല്ലാത്ത ഒന്നിനെ സങ്കൽപ്പിക്കലാണ്. ഓർമ്മകൾ പലതരത്തിൽ ഉണ്ടെങ്കിലും ഒരാൾ അയാളുടെ ഭൂതകാലത്തിൽ നിന്നും വീണ്ടെടുക്കുന്ന ഓർമ്മകളെ ഭാവനയുമായി ചേർത്തുവെച്ചു നടത്തുന്ന ആലോചന കൗതുകകരമായ ചില കാര്യങ്ങൾ വെളിപ്പെടുത്തും. രണ്ടും നിലവിലില്ലാത്ത ഒന്നിനെ മാനസിക വ്യാപാരത്തിലൂടെ കണ്ടെടുക്കലാണ്. ആലോചിക്കുന്ന ആളുടെ പരിപ്രേക്ഷ്യത്തിലൂടെയാണ് കാര്യങ്ങൾ വെളിപ്പെടുന്നത്. ഓർമ്മയും ഭാവനയും ഒന്നുതന്നെയാണെന്ന് കരുതിയ തത്ത്വചിന്തകരുണ്ട്. എന്നാൽ ഭാവനയേക്കാൽ ജീവസ്സുറ്റ കാര്യം ഓർമ്മയാണ്. നമ്മുടെ ഓർമ്മയിലെ ഒരു കാര്യത്തിനുമേൽ നമ്മുടെ ഭാവനയുടെ ഇടപെടൽ നടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ക്രമേണ നമ്മുടെ ഓർമ്മയിൽ ഭാവനയുടെ ഇടപെടൽ നടന്ന് അവ നടന്ന സംഭവത്തിൽ നിന്നും അകന്നുനിൽക്കുന്ന ഒന്നാകാനിടയുണ്ട്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഭൂതകാലത്തിന്റെ നിയന്ത്രണത്തോടെ നടക്കുന്ന ഭാവനയാണ് ഓർമ്മ എന്നുവരാം.

ഹൈക്കു കവിതകളുടെ വായന

ബാഷോ ഒരിക്കൽ പറഞ്ഞു: എഴുത്തുമേശയിൽ മാത്രമാണ് ഒരു കവിത നിലനിൽക്കുന്നത്. മഷി ഉണങ്ങുന്നതോടെ അതൊരു പേപ്പർ മാത്രമാകുന്നു. ഹൈക്കു കവിതകളുടെ കുലപതിയായ ബാഷോയുടെ ഈ അഭിപ്രായം മുഖവിലയ്ക്കെടുക്കാമെങ്കിൽ എഴുതപ്പെട്ട ഓരോ ഹൈക്കുവിനും മറ്റൊരു ജീവൻ നൽകുകയാകാം ഓരോ വായനക്കാരന്റെയും കർത്തവ്യം.

ഹൈക്കു കവിത വായിക്കുകയെന്നാൽ, നമ്മൾ അതിന്റെ എഴുത്തുകാരനാകുക എന്നുകൂടിയാണ്. എഴുതപ്പെട്ട ആ വാക്കുകൾക്ക് നമ്മൾ നമ്മുടെ അനുഭവങ്ങളിൽ, അനുഭൂതികളിൽ, ഭാവനയിൽ- ചുരുക്കത്തിൽ ജീവിതത്തിൽ- നിന്നും ജീവൻ പകരുകയാണ്. ഇവ്വിധം ഹൈക്കു കവിതകളുടെ വായന ഓരോ വായനക്കാരനിലും വേറിട്ടതാകുന്നു: ബിംബാടിസ്ഥാനത്തിലുള്ള ആ കാവ്യഭാഷ വ്യാഖ്യാനത്തിന്റെ അനന്തസാധ്യതകൾ മുന്നോട്ടുവെക്കുന്നു.

മറ്റൊരുതരത്തിൽ, ഹൈക്കു കവിതകളുടെ വായന ഒരു ബിംബത്തിനു എത്രയൊക്കെ പറയാനാകും എന്തൊക്കെ അറിയിക്കാനാകും എന്നതിലേക്കുള്ള അന്വേഷണമാണ്. മനുഷ്യരെപ്പോലെ ചെടികൾ, കല്ലുകൾ, ഉപകരണങ്ങൾ എന്നിവയ്ക്കെല്ലാം അവയുടേതായ വൈകാരികതയുണ്ടെന്ന് ബാഷോ പറയുന്നു. ഒരു പ്രത്യേക വസ്തുവിനെ കുറിച്ചുള്ള വിവരണം, നമ്മളിൽ അവയോട് ചേർന്നുനിൽക്കുന്ന വികാരങ്ങളെ ഉണർത്തുമെന്ന് പിൽക്കാലത്ത് ടി.എസ് എലിയറ്റും അഭിപ്രായപ്പെടുകയുണ്ടായി.

ഹൈക്കു കവിതകളും ഇരുപതാം നൂറ്റാണ്ടിലെ പാശ്ചാത്യകവിതയിലെ ഇമേജിസ്റ്റ് കവികളെയും (എസ്ര പൗണ്ട്, ആമി ലോവൽ, വില്യം കാർലോസ് വില്യംസ്, ടി.എസ് എലിയറ്റ് തുടങ്ങിയവരെ) വായിക്കുമ്പോൾ ബോധ്യപ്പെടാനിടയുള്ള ഒരു കാര്യമുണ്ട്: ഓരോ കവിതകളിലെയും ബിംബങ്ങളെ/വസ്തുക്കളെ നമുക്ക് കാണാമെങ്കിൽ കേൾക്കാമെങ്കിൽ, ആ കാഴ്ചകളുടെയും കേൾവികളുടെയും ഉള്ളിലേക്കിറങ്ങാനായാൽ എല്ലാ വസ്തുക്കളും/ബിംബങ്ങളും സംസാരിക്കും നമ്മളോട്, നമ്മളിലൂടെ.

സ്വാധീനവും മൗലികതയും

കവിതകൾ വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾ, പൂർണ്ണമായും തന്നെ തൃപ്തിപ്പെടുത്തുന്ന കവിതയൊന്നും വായിക്കാൻ ലഭിക്കാതെ വരുമ്പോൾ തനിക്കു വായിക്കാനായി കവിതയെഴുതാൻ തുടങ്ങുമെങ്കിൽ ആ കവിതകൾ എങ്ങനെയുള്ളതായിരിക്കും? ഏതെങ്കിലും തരത്തിൽ തന്നെ തൃപ്തിപ്പെടുത്തിയ കവിതകളിൽ നിന്നും തനിക്കു ഇഷ്ടപ്പെട്ട സ്വഭാവസവിശേഷതകൾ തിരഞ്ഞെടുത്ത്, ആ ഗുണങ്ങളുള്ള കവിതയെഴുതാനുള്ള ശ്രമമല്ലേ അദ്ദേഹം നടത്തുക?

ഒരാൾ ഒരു കലാസൃഷ്ടി പകർത്താൻ ശ്രമിക്കുന്നുവെന്നിരിക്കട്ടെ, അതിൽ അയാൾ വിജയിക്കുന്നു എന്നു നാം കരുതുന്നത് ഏതു കലാസൃഷ്ടി ആണോ പകർത്തുന്നത് അതുതന്നെയാണു പകർത്തിയതെന്നു തോന്നുന്നിടത്തല്ലേ? അതിൽ അയാൾ പരാജയപ്പെട്ടാൽ ആ സൃഷ്ടി മൗലികമെന്നു പറയാവുന്ന ഒന്നായി മാറില്ലേ? അയാളുടെ പരാജയം എത്രത്തോളം കൂടുന്നോ അത്രത്തോളം അത് ഒറിജിനലല്ലേ?

സാധാരണഗതിയിൽ കവികൾ ഒന്നിനൊന്ന് വ്യത്യസ്തരാണ്. ഒരു കവിയെഴുതുന്ന കവിതകളുടെ സ്വഭാവസവിശേഷത മറ്റൊരു കവിയിൽ വായിച്ചെടുക്കാമെങ്കിലും അതിന്റെ തോതിൽ വ്യത്യാസം കാണാം എന്നുമാത്രമല്ല, ഒരു കവിയുടെ എല്ലാ സവിശേഷതകളും അതേമട്ടിൽ മറ്റൊരു കവിയിൽ കാണുക സാധാരണഗതിയിൽ സാധ്യമല്ല.

സമകാലീന കവിതയിൽ ഏറ്റവും പ്രമുഖനും എനിക്കേറെ പ്രിയപ്പെട്ട കവിയുമാണ് ബേ ദാവോ. പാശ്ചാത്യ ആധുനികതയുടെയും സിംബോളിസത്തിന്റെയും സർറിയലിസത്തിന്റെയും സ്വാധീനത്താൽ ചൈനീസ് കവിതയിൽ രൂപപ്പെട്ട പ്രസ്ഥാനമായ മിസ്റ്റി കവിതയിൽ പ്രമുഖനാണ് അദ്ദേഹം. ലോർക്കയിലേതു പോലുള്ള ഭാവാത്മകത; റ്റൊമാസ് ട്രാൻസ്ട്രോമർ, സെസാർ വയാഹോ, ഗിയോർഗ് ട്രാക്ൽ എന്നിവരിലേതുപോലുള്ള സർറിയലിസം, റിൽക്കെയുടേത് പോലുള്ള വൈകാരികത എന്നിവ ബേ ദാവോയിൽ നമുക്ക് വായിച്ചെടുക്കാം. എന്നാൽ ഈ പറഞ്ഞ എഴുത്തുകാരിൽ ഉള്ളപോലെയല്ല ബേ ദാവോയിൽ ഈ സവിശേഷതകൾ എന്നത് അദ്ദേഹത്തെ സമകാലീന ലോകകവിതയിലെ സവിശേഷസ്വരമാക്കുന്നു, മൗലികമാക്കുന്നു.

മൗലികതയെന്നത് വളരെ സ്വാഭാവികമായും ഒരു എഴുത്തുകാരനിൽ രൂപപ്പെട്ടുവരുന്ന ഒന്നല്ലേ? ഒരേ പുഴയിൽ നമുക്ക് രണ്ട് വട്ടം ഇറങ്ങാനാകില്ല എന്നപോലെ, മറ്റൊരാളുടെ ജീവിതം നമുക്ക് ജീവിക്കാനാകില്ല എന്നപോലെ, നാം എഴുതേണ്ട കവിത നമ്മളെഴുതുന്ന പോലെ നമ്മളല്ലാതെ മറ്റാരാണ് എഴുതുക?

ഏകാന്തതയും ഒറ്റപ്പെടലും

താൻ കഴിയുന്ന ചുറ്റുപാടിനെ വിശേഷിപ്പിക്കാനായി ഒരാൾ ഉപയോഗിക്കാൻ ഇടയുള്ള വാക്കുകളിൽ ഒന്നാണ് 'തനിച്ച്'. തനിച്ചുകഴിയുന്ന ആളുടെ മനോനില അനുസരിച്ചു ഇതിന് ഏകാന്തത ആയോ ഒറ്റപ്പെടൽ ആയോ രൂപാന്തരം സംഭവിക്കാം. 

ഒറ്റപ്പെടൽ എന്നത് ദാരുണമായ അവസ്ഥ ആകുമ്പോൾ ഏകാന്തത ഒരാൾ തന്നെത്തന്നെ ആസ്വദിക്കുന്ന മനോഹരമായ സന്ദർഭമാകുന്നു. ആദ്യം പറഞ്ഞ അവസ്ഥയിൽ നിന്നും നമ്മൾ പുറത്തുകടക്കാൻ ശ്രമം നടത്തുന്നു. ഏകാന്തതയിൽ മുഴുകാനും.

തനിച്ചാകുന്ന വേളകളിലോ അവസ്ഥകളിലോ മാത്രം ഉണ്ടാകാനിടയുള്ള മനോനിലയുമല്ല ഇവ രണ്ടും. എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെട്ടുപോയവർ നമുക്കിടയിലുണ്ട്. ആൾക്കൂട്ടത്തിലും ധ്യാനാത്മകമായി ഏകാന്തത ആസ്വദിക്കുന്നവരുമുണ്ട്.

ഓരോ ചെറുപ്പക്കാരനും ഏകാന്തതയിലായിരിക്കാൻ ശീലിക്കണമെന്നു ആന്ദ്രേ തർകോവ്സ്കി പറയുന്നു, ഒരാൾ അയാൾക്കൊപ്പം തന്നെയായിരിക്കാൻ കൂടുതൽ സമയം കണ്ടെത്തണം. തർക്കോവ്സ്കിയുടെ അഭിപ്രായത്തിൽ ഓരോ മനുഷ്യനും തങ്ങളുടെ കുട്ടിക്കാലം മുതൽ ശീലിക്കേണ്ട ഒന്നാണ് തനിക്കൊപ്പംതന്നെ എങ്ങനെ സമയം ചെലവഴിക്കാമെന്നത്.

ഇതിനർത്ഥം എല്ലാവരും തനിച്ച് കഴിയണം എന്നുമല്ല, മറിച്ച് ഒരാൾക്കു അയാളെ ഒരുകാലത്തും ബോറടിക്കാൻ പാടില്ല. തങ്ങളെതന്നെ മടുക്കുന്ന മനുഷ്യരുടെ ജീവിതം എന്തുമാത്രം ദയനീയവും അപകടംപിടിച്ചതും ആയിരിക്കും!

കവിതയും കാവ്യാത്മകമായ മറ്റു കലകളും തന്നെത്തന്നെ ആസ്വദിക്കാൻ ശീലിക്കുന്ന മനുഷ്യരെ ജീവിക്കാൻ സഹായിക്കുന്നു. ഏകാന്തരായ കലാകാരന്മാരെ അവരുടെ കലയിൽ നിന്നും വേർപെടുത്താൻ സാധിക്കാറില്ലല്ലോ. അവർ ആ കലയിൽ മുഴുകി തങ്ങളെ ആസ്വദിക്കുന്നു. കല അവരിലല്ല. അതേകലകളിൽ മുഴുകുന്ന ആസ്വാദകന് തന്നെത്തന്നെ ആസ്വദിക്കാനും സാധിക്കുന്നു.

നിശ്ശബ്‌ദത ഇല്ലെങ്കിൽ സംഗീതമില്ല

മുറകാമിയുടെ 'Men Without Women' എന്ന ചെറുകഥയിൽ, നറേറ്റർ കൂടിയായ പ്രധാന കഥാപാത്രത്തോടൊപ്പം സെക്സിലേർപ്പെടുന്ന സമയങ്ങളിൽ 'A Summer Place' എന്ന പാട്ടിടുന്ന ഒരു പെൺകുട്ടിയുണ്ട്. അവൾ വിട്ടുപോയതിനു ശേഷം ആ പാട്ട് കേൾക്കുമ്പോൾ അയാൾക്ക് ലിംഗോദ്ധാരണമുണ്ടാകുന്നു. ഇതേമട്ടിൽ ചില സവിശേഷ സന്ദർഭങ്ങളിൽ നാം ആസ്വദിച്ച കലകൾ, വീണ്ടും ആസ്വദിക്കുമ്പോൾ ആ കലാനുഭവത്തിന്റെ മാത്രമല്ല, ചില മനുഷ്യരുടെയോ അനുഭവങ്ങളുടെയോ ഒക്കെ വീണ്ടെടുപ്പിലേക്ക് നയിച്ചേക്കാം. സംഗീതത്തിന്റെ കാര്യത്തിൽ ഇത് കുറേക്കൂടി നേരാണ്.

ആദം സഗായെവ്സ്‌കിയുടെ കവിതകളിൽ ആവർത്തിച്ചുവന്നതായി കണ്ടിട്ടുള്ള ഒന്നാണ് കോൺറാഡ് ഐക്കണിന്റെ 'നിന്നോടൊപ്പം കേട്ട സംഗീതം, സംഗീതത്തെയും കവിയുന്നത്' എന്ന വരി. ഈ വരിയോട് ചേർന്നുവരുന്ന അനേകം വരികളുണ്ട് സഗായെവ്സ്‌കിയിൽ. Music Heard എന്ന കവിത തുടങ്ങുന്നത് ഈ വരിയിലാണ്. Music in the Car എന്ന കവിതയിൽ 'ആ സംഗീതം നമ്മുടെ ജീവിതമായിരുന്നെന്നും നമ്മുടെ മരണമായിരുന്നു'

എന്നും പറയുന്ന സഗായെവ്സ്‌കി, Music Heard with You എന്ന കവിതയിൽ 'നിന്നോടൊത്ത് കേട്ട സംഗീതം, നമ്മോടൊത്തെന്നുമുണ്ടാകും' എന്നും ''നിന്നോടൊത്ത് കേട്ട സംഗീതം, നമ്മോടൊത്ത് ഇന്നും വളരും' എന്നും എഴുതുന്നു.

എനിക്കു സിഗററ്റ്സ് ആഫ്റ്റർ സെക്സിനെയും വഷ്ടി ബന്യനെയും ലെനാർഡ് കോഹനെയും ഒക്കെ പരിചയപ്പെടുത്തിയ കൂട്ടുകാരുണ്ട്. അവർ പങ്കുവെച്ച പാട്ടുകൾ ഇന്നും പ്രിയമെങ്കിലും ഞങ്ങൾക്കിടയിൽ മൗനം കനത്തുറഞ്ഞു നിൽക്കുകയാണ്. സഗായെവ്സ്‌കി മറ്റൊരു കവിതയിൽ എഴുതിയത് പോലെ — 'നിശ്ശബ്‌ദത ഇല്ലെങ്കിൽ സംഗീതമില്ല'.

കവിത എഴുതുന്നവരെല്ലാം കവികൾ ആവണമെന്നില്ല

ഏറെക്കാലം ഒരേ മുറിയിൽ ഒതുങ്ങിക്കഴിഞ്ഞ ഒരാളെ എനിക്കറിയാം. ഭാവനയില്ലെങ്കിൽ തന്റെ ഏകാന്തത എന്തുമാത്രം വിരസമാകുമെന്ന വേവലാതിയാകാം അയാളെ പിന്നീട് കവിതയിൽ കൊണ്ടെത്തിച്ചു. അയാൾ നിരന്തരം എഴുതി. നിരവധി കവിതകൾ വായിച്ചു. കവിത വഴി കൂട്ടുകൾ കണ്ടെത്തി. ഒടുവിൽ അയാളുടെ ഏകാന്തതയുടെ അവസാനകാലത്ത്, അതുവരെ എഴുതി കൂട്ടിവയെല്ലാം ഉപേക്ഷിച്ചു. ഇന്നയാൾ വല്ലപ്പോഴുമൊരു കവിതയെഴുതുന്നു.

ഇന്നെനിക്കറിയാം, കവിത എഴുതുന്നവരെല്ലാം കവികൾ ആവണമെന്നില്ല. കവിയായി ജീവിക്കുന്നതും ജീവിതത്തിൽ കവിതയെഴുതുന്നതും രണ്ട് കാര്യങ്ങളാണ്. ഒന്നും എഴുതാതെയും ഒരാൾക്ക് കവിയാകാം. കവിയായി ജീവിക്കുന്നുവെന്നത് ഒരു മാനസികാവസ്ഥയാണ്, ഭാഷയിൽ മുഴുകലാണ്. അങ്ങനെ ഒരാളെ സംബന്ധിച്ചിടത്തോളം കവിതയുടെ വായനയും എഴുത്തും ഏറെക്കുറേ സമാനമായ വ്യായാമം ആവശ്യപ്പെടുന്ന കാര്യമാണ്.

പോൾ വലേരി ഒരിക്കൽ എഴുതി: ‘വാക്കുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കാവ്യാത്മകമായ മാനസികാവസ്ഥ സൃഷ്ടിക്കുന്ന മെഷീനാണു കവിത’. ഇവിടെ മെഷീൻ എന്ന പ്രയോഗം കല്ലുകടിയാകാം. എങ്കിലും അദ്ദേഹം പറയുന്ന ‘കാവ്യാത്മകമായ മാനസികാവസ്ഥ’യിലേക്കു അനുവാചകനെ എത്തിക്കാൻ കവിതയ്ക്കാകുമെന്ന ബോധ്യമാണു കവിതവായനയെ എനിക്കേറെ പ്രിയപ്പെട്ട പ്രവർത്തികളിൽ ഒന്നാക്കി ഇപ്പോഴും നിലനിർത്തുന്നത്. അത്തരമൊരു മാനസികാവസ്ഥയിലാണു വല്ലപ്പോഴുമൊരു കവിതയെഴുതാൻ സാധിക്കുന്നതും.

വാലസ് സ്റ്റീവൻസിന്റെ അഭിപ്രായത്തിൽ ആളുകളെ ജീവിക്കാൻ സഹായിക്കുകയാണു കവിയുടെ കർത്തവ്യം. ഇതേ സ്റ്റീവൻസ് തന്നെ, പ്രകൃതിയ്ക്കു മേലുള്ള മനുഷ്യന്റെ അധികാരം അവന്റെ ഭാവനയാണെന്നും പറയുന്നു. നിങ്ങളുടെ ഭാവനയെ ഉത്തേജിപ്പിക്കാൻ കവിതയോളം മറ്റെന്തിനെങ്കിലും സാധിക്കുമോയെന്നറിഞ്ഞുകൂടാ. എന്തായാലും എന്റെ ഭാവനയെ ഉത്തേജിപ്പിക്കാൻ കവിതയോളം മറ്റൊന്നിനും ഇന്നേവരെ സാധിച്ചിട്ടില്ല. അതിനാൽ വല്ലപ്പോഴുമൊരു കവിത ഇപ്പോഴുമെഴുതുന്നു.