​താനൊരു കവിയാണെന്നു പറഞ്ഞ് തന്നെ പരിചയപ്പെടുത്തുന്ന കവികളെ നമ്മൾ അപൂർവ്വമായേ കാണാറുള്ളൂ. ഇക്കഴിഞ്ഞ ദിവസം ടി.പി. വിനോദിനെ കണ്ടു സംസാരിക്കുമ്പോൾ വിസ്വാവ ഷിംബോസ്ക നൊബേൽ സമ്മാനം സ്വീകരിച്ചുകൊണ്ട് ഇതേപ്പറ്റി സംസാരിച്ചത് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. അതേ പ്രസംഗത്തിൽ ജോസഫ് ബ്രോഡ്സ്കി താനൊരു കവിയാണെന്ന് പരിചയപ്പെടുത്താറുണ്ടായിരുന്ന കാര്യം ഷിംബോസ്ക ഓർത്തെടുക്കുന്നുണ്ട്. കവിയായതിൻ്റെ പേരിൽ ഏൽക്കേണ്ടിവന്ന കാര്യങ്ങളാകാം ബ്രോഡ്സ്കിയെ തന്നെ കവിയായി പരിചയപ്പെടുത്താൻ പ്രാപ്തനാക്കിയതെന്ന കാര്യം പി. എൻ. ഗോപീകൃഷ്ണനും ഞങ്ങളുടെ സംസാരത്തിൽ കൂട്ടിച്ചേർത്തു. ഒരുപക്ഷെ, കവിയായി ജീവിക്കാൻ ആകുന്നില്ലെന്ന തോന്നലാകാം മികച്ച കവികൾ ആയിരുന്നിട്ടും പലരെയും താനൊരു കവിയാണെന്നു പറയുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാൽ ഇക്കാലത്ത് അത്തരത്തിൽ യാതൊരു സങ്കോചവും കൂടാതെ തങ്ങൾ എഴുത്തുകാരൻ ആണെന്നും കവിയാണെന്നും പരിചയപ്പെടുത്തുന്ന മനുഷ്യരെ കാണാം. ഒരാൾ അതായിരിക്കെ താൻ അതാണെന്നു പറയുന്നപോലെയല്ല ഇത്. കവി അഥവാ എഴുത്തുകാരൻ എന്നത് കേവലം അലങ്കാരമായി തങ്ങളുടെ മറ്റു യോഗ്യതകൾക്കൊപ്പം കൂട്ടിച്ചേർക്കാനാണു പലരും ഉപയോഗിക്കുന്നത്. കവിയായി മാത്രം, അതായത് കവിതയെഴുതി മാത്രം, ഒരാൾക്ക് ജീവിക്കാനോ വരുമാനോ കണ്ടെത്താനോ സാധിക്കില്ല എന്നിരിക്കെ, കവി അല്ലെങ്കിൽ എഴുത്തുകാരൻ എന്ന മേൽവിലാസം അലങ്കാരമായി ആളുകളിൽ കൂട്ടിച്ചേർക്കപ്പെടുന്ന ഒന്നായി മാറുന്ന വിപണിയിലാണ് നമ്മൾ ജീവിക്കുന്നത്. ഒരു മന്ത്രിയ്ക്ക്, അദ്ധ്യാപകന്, ആക്റ്റിവിസ്റ്റിന്, ബിസിനസ്സുകാരന്, ചിത്രകാരന്, സിനിമാക്കാരന്, പാട്ടെഴുത്തുകാരന് തങ്ങളുടെ കർമ്മമണ്ഡലം എന്താണോ അതിലുപരി കവി/എഴുത്തുകാരൻ എന്ന ലേബൽ കൂടി എടുത്തണിഞ്ഞ് ഗമ കാണിക്കേണ്ടി വരുന്നു. ഇതിനായവർ പ്രസിദ്ധീകരണമേഖലകളിലും സാഹിത്യോത്സവങ്ങളിലും സാധ്യമായ എല്ലാവിധ സ്വാധീനങ്ങളും അധികാരങ്ങളും ഉപയോഗിച്ച് ഇടം കണ്ടെത്തുന്നു. സാഹിത്യത്തോട് തങ്ങൾക്ക് യതൊരു ഉത്തരവാദിത്വവും ഇല്ലെന്നുപോലും ഇവർ പൊതുവേദികളിൽ പ്രസംഗിക്കുന്നു. അപ്പോഴും എഴുതുന്ന എഴുത്തുകാർ തങ്ങളെ 'എഴുത്തുകാർ' എന്ന് വിളിക്കാനുള്ള ജാള്യതയുമായി തങ്ങൾക്കു ലഭിക്കാത്ത ഇടങ്ങളിലേക്ക് നോക്കുന്നു; ഇവരെ കാണുന്നു. ഈ നടപ്പുകാല അന്തരീക്ഷത്തിൽ എഴുതുന്ന ഓരോ മനുഷ്യനും താൻ എഴുത്താൾ/കവി ആണെന്ന് പറയുമ്പോൾ അതൊരു മുദ്രാവാക്യമായി അനുഭവപ്പെടുന്നു. 

0 comments:

Post a Comment