ചെഖോവിനെ വായിക്കുമ്പോൾ ഏറ്റവും സന്തോഷം തരുന്ന കാര്യം ചില കവിതാമുഹൂർത്തങ്ങളെ കണ്ടുമുട്ടുന്നതാണ്. അതുകൊണ്ടാകണം ലിഡിയ ഡേവിസിന്റെ ക(വി)ഥകളിലും റേയ്മണ്ട് കാർവറുടെ കവിതകളിലും ചെഖോവിൽ നിന്നുള്ള സന്ദർഭങ്ങൾ കടന്നുവരുന്നത്. കാർവറുടെയും ഹാവിയർ മരിയാസിന്റെയും അമോസ് ഓസിന്റെയും ഫിക്ഷനിൽ ഇത്തരം കവിതാമുഹൂർത്തങ്ങൾ കാണാം. എന്നാൽ നമ്മുടെ ഭാഷയിലെ കവിതയിൽ, അത് സമീപകാലത്തെ മാത്രമല്ല, എക്കാലത്തെയും കവിതയിൽ അത്തരം കവിതാമുഹൂർത്തങ്ങൾ പൊതുവിൽ കുറവാണെന്നാണ് വായനാനുഭവം. ഞാനാകട്ടെ ജീവിതത്തിലും കവിതയിലും അത്തരം നിമിഷങ്ങൾ കണ്ടെടുക്കുന്നതിലും പ്രിസെർവ് ചെയ്യുന്നതിലും അതീവതല്പരനും.
നമ്മുടെ കവിതകൾ കൂടുതലും വെറും വിവരണങ്ങൾ മാത്രമാണ്. സംഗീതത്തിന്റെയും വേർഡ് പ്ലേയുടെയും അകമ്പടിയോടെ നടത്തുന്ന ഗിമ്മിക്കുകൾ. വിവരിക്കുന്ന കാര്യത്തിന്റെ സാമൂഹികപ്രസക്തിയും രാഷ്ട്രീയശരിയും നോക്കിമാത്രം അവയെ മഹത്തായ കവിതയാക്കി മാറ്റുന്ന ഗതികേടിൽ നമ്മൾ എത്തിപ്പെടുന്നതും ഇങ്ങനെയാകണം. സവിശേഷതകളൊന്നും തന്നെയില്ലാത്ത മുഹൂർത്തത്തെ ഭാഷകൊണ്ട് കവിതയാക്കിമാറ്റുന്ന ശേഷിയെപോലും തിരിച്ചറിയാത്ത കവികളെത്ര പേരാണ് ഇവിടെ!.
വീസ്വാവ ഷിംബോർസ്ക, ഒരു യുവകവിയുടെ കവിതകൾ വായിച്ച് ഇങ്ങനെ പറഞ്ഞു: "‘ഇവിടെ’ എന്നു പേരിട്ടിരിക്കുന്ന നിങ്ങളുടെ കവിത ഒരു മുറിയുടേയും അതിലുള്ള മേശകസേരകളുടേയും ഗദ്യവിവരണം മാത്രമാണ്. ഇങ്ങനെയൊരു വിവരണത്തിന് ഒരു ഗദ്യരചനയിൽ കൃത്യമായ ഒരു ധർമ്മം നിർവ്വഹിക്കാനുണ്ട്— തൊട്ടുപുറകെ നടക്കാനിടയുള്ള പ്രവർത്തിയ്ക്ക് പശ്ചാത്തലം ഒരുക്കുക. ഒരു നിമിഷത്തിനുള്ളിൽ വാതിൽ തുറക്കപ്പെടും, ഒരാൾ കയറിവരും, എന്തെങ്കിലുമൊന്ന് സംഭവിക്കും. എന്നാൽ കവിതയിലാകട്ടെ, ആ വിവരണം തന്നെയാണ് 'സംഭവിക്കേണ്ടത്'... സാധാരണമായ ആ മുറിയുടെ വിവരണം കണ്മുന്നിൽ ആ മുറിയുടെ കണ്ടെടുക്കലാകണം, ആ വിവരണത്തിൽ ഉൾച്ചേർന്ന വികാരം വായിക്കുന്നയാൾ അനുഭവിക്കണം. അതല്ലെങ്കിൽ ഗദ്യം ഗദ്യം മാത്രമാകും, വാക്യങ്ങളെ വരി മുറിച്ച് കവിതയാക്കാൻ നിങ്ങളെത്ര കഷ്ടപ്പെട്ടാലും. ഒന്നും നടക്കുന്നില്ലെന്നതാണ് കഷ്ടം."
ചെഖോവിൽ നിന്നും കവികൾക്ക് പഠിക്കാൻ രണ്ട് കാര്യങ്ങളുണ്ടെന്നു ബില്ലി കോളിൻസ് പറയുന്നു: One is the use of very specific detail—the particulars of experience—to keep the story anchored to external reality. So too can poets use detail to anchor a poem. The other is the use of inconclusive or “soft” endings. Chekhov does not solve problems for the characters. Similarly, the endings of poems do not need to resolve things. A soft ending—when a poem just ends in an image—can work.
0 comments:
Post a Comment