ഫിക്ഷനെഴുത്തിൽ ഏറ്റവും ചുരുങ്ങിയത് രണ്ടുതരം സമീപനമുണ്ട്. കഥ ഒരു എഴുത്തായി പരിഗണിക്കുന്നവരും കഥ പറച്ചിലായി മാത്രം കരുതുന്നവരും. ചൊൽകവിതയും അല്ലെങ്കിൽ പെർഫോമിഗ് പോയട്രിയും എഴുത്തുകവിതയും പോലെയുള്ള വ്യത്യാസം ആണിത്. എഴുതുന്നയാളോളമോ അതിലേറെയോ ബ്രില്യന്റും ക്രിയേറ്റീവും ആയ ആളുകളെയാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ എഴുത്തുരീതി ശീലിക്കുന്നത് നന്നാകും. പറയാൻ മാത്രമുള്ള കഥയൊന്നും ഇല്ലാത്ത ഷെൽ അസ്‌കിൽഡ്സനെ പോലെയുള്ള കഥാകൃത്തുക്കളെ വായിക്കുമ്പോൾ ലഭിക്കുന്ന വികാരബാധയും ചിന്താകുലതയും എഴുത്തുരീതിയുടെ ഗുണത്താൽ ലഭിക്കുന്ന വായനാനുഭവമാണ്. എന്നാൽ അതിലെ കഥ നിങ്ങൾക്ക് മറ്റൊരാളോട് പങ്കുവെക്കാനാകാതെ വന്നേക്കും. പറച്ചിലിൽ പലതും നഷ്ടമാകും എന്നതിനാൽ മാത്രമല്ല വായനാനുഭവം സവിശേഷമായിരിക്കും എന്നതുകൊണ്ട് കൂടിയാണിത്. യോൺ ഫോസ്സെയുടെ എഴുത്തുകളിലും ഈ ഗുണം കണ്ടേക്കാം. ഹാവിയർ മരിയാസും ജോൺ ബാൻവില്ലെയും മാർസൽ പ്രൂസ്റ്റും ഒഴുക്കുള്ളതും നീളമുള്ളതുമായ വാചകങ്ങളെ ഈ വായനാനുഭവം നൽകാനായി ഉപയോഗിച്ചുവെങ്കിൽ ജോൺ മക്ഗ്രെഗരുടെ 'ഇഫ് നോബഡി സ്പീക്സ് ഓഫ് റിമാർകബിൾ തിങ്സ്'-ന്റെ തുടക്കത്തിൽ ഒരു നഗരത്തെ വെളിപ്പെടുത്തുന്നതിനെ സവിശേഷാനുഭവമാക്കി മാറ്റുന്നത് വരിമുറിക്കൽ രീതികൊണ്ട് കൂടിയാണ്. എഴുത്തുകഥ വാമൊഴിയായി നിങ്ങൾക്ക് മറ്റൊരാളോട് ഫലപ്രദമായി പങ്കുവെക്കാൻ സാധിച്ചെന്നു വരില്ല. സിനിമയാക്കാൻ നോക്കിയാൽ എഴുത്തിൽ ലഭ്യമായ ഗുണമെല്ലാം നഷ്ടമായി അത് മറ്റൊരു രൂപത്തിലാകും ലഭ്യമാകുക. ഒരുപക്ഷെ, എന്തുകൊണ്ട് ഓഡിയോ ബുക്കുകളുടെയും സിനിമകളുടെയും വെബ്സീരീസുകളുടെയും കാലത്ത് കഥ അച്ചടിക്കപ്പെടുന്നു എന്നതിനുള്ള മറുപടി നൽകാൻ ഇത്തരം എഴുത്തുകഥകൾക്കേ സാധിക്കുകയുള്ളൂ. എഴുത്തിന്റെ വിശേഷഗുണങ്ങൾ തിരിച്ചറിയാൻ നമുക്കും ഇത്തരം കഥയെഴുത്തുകാരെ ഇനിയും ആവശ്യമുണ്ട്.
0 comments:
Post a Comment