ടി. പി. രാജീവന്റെ 'പുറപ്പെട്ടു പോകുന്ന വാക്ക്' ഈയിടെയാണ് ഞാൻ വായിക്കാനെടുത്തത്. നല്ല പുസ്തകം. രാജീവന്റെ കവിതകൾ ചിലത് എനിക്കു വളരെ പ്രിയമുള്ളവയാണ്. അദ്ദേഹത്തെ നേരിൽ കാണുകയൊന്നുമുണ്ടായില്ല എങ്കിലും ഞങ്ങൾ തമ്മിൽ ഇ-മെയിൽ വഴി ചില കത്തിടപാടുകൾ നടന്നത് ഓർക്കുന്നു. കവിതയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ചില പ്രോജക്റ്റുകളെപ്പറ്റി അറിവുണ്ടായിരുന്ന ധൈര്യത്തിൽ എന്റെ ചില പദ്ധതികൾ പങ്കുവെക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഞങ്ങളുടെ സംസാരം. പിൽക്കാലത്തു അദ്ദേഹത്തിന്റെ മരണശേഷം, എന്റെ സമപ്രായക്കാരിയായ ഒരു യൂറോപ്യൻ കവി, കിഴക്കൻ യൂറോപ്പിൽ നിന്നുള്ള പ്രധാനപ്പെട്ട ചില കവികളെ എനിക്കു പരിചയപ്പെടുത്തുകയുണ്ടായി. അതിൽ ഒരാളുമായി സംസാരിക്കുമ്പോൾ അദ്ദേഹം രാജീവനുമായുണ്ടായ സൗഹൃദത്തെപ്പറ്റിയും രാജീവന്റെ ക്ഷണപ്രകാരം കേരളത്തിൽ വന്നതിനെ പറ്റിയും പറഞ്ഞത് ഓർക്കുന്നു. പൊതുവെ മലയാളം എന്ന ഭാഷയെപ്പറ്റി പോലും വിശദീകരിച്ചു പറയേണ്ടി വരാറുള്ള എനിക്കു ഇക്കാരണം കൊണ്ട് ഇക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട കവിയെന്ന ഞാൻ വിശ്വസിക്കുന്ന ഒരു കവിയുമായി കുറേക്കൂടി അടുപ്പത്തിൽ സംസാരിക്കാൻ സാധിച്ചു. എന്നുമാത്രമല്ല, അദ്ദേഹത്തിന്റെ രണ്ട് പുസ്തകങ്ങൾ അയച്ചുതരികയും അവ പരിഭാഷ ചെയ്യാനുള്ള അനുമതിയും ലഭിച്ചു. മലയാളത്തിൽ വളരെ അപൂർവ്വമായി മാത്രമാണ് കവികൾ ഇത്തരത്തിൽ സംസ്കാരങ്ങൾക്കിടയിലെ പാലം ആകാറുള്ളൂ എന്നിരിക്കെ ഇക്കാര്യം പറയേണ്ടതുണ്ടെന്ന് തോന്നുന്നു. പ്രത്യേകിച്ച് പുറപ്പെട്ടു പോയ വാക്ക് എന്ന പ്രയോഗത്തിന്റെ കനം കൂടുതലായി അനുഭവപ്പെടുന്ന നിമിഷത്തിൽ.

0 comments:

Post a Comment