ഒരു കൃതിയുടെ മൂല്യം കാലം തെളിയിക്കും എന്ന് പറയുന്നത് അമൂർത്തമായ ഒരു സ്റ്റേറ്റ്മെൻ്റ് ആണ്. ഇവിടെ കാലം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒരു കൃതി അതെഴുതിയ കാലം മുതൽ നേരിടുന്ന വായനയെയാണ്. പണിക്കുറ്റമറ്റതാകുക എന്നതാണ് ഒരു കൃതിയുടെ അടിസ്ഥാനപരമായ മേന്മ. വിശകലന ബുദ്ധിയുപയോഗിക്കുന്ന വായനക്കാരെ നേരിടാൻ പര്യാപ്തമാണോ ഒരു കൃതിയെന്ന് ആ കൃതി പുറത്തിറങ്ങിയതിനു പിന്നാലെയുള്ള കാലയളവിൽ ലഭിക്കുന്ന ഈ വിലയിരുത്തലിൽ വ്യക്തമാകും. കഥാപാത്രസൃഷ്ടിയിലും ആഖ്യാനതന്ത്രത്തിലും കലയുടെ യുക്തിയിലും ഈ പോരായ്മകൾ സാമാന്യബോധമുള്ള ഒരാൾക്ക് ആദ്യ വായനയിൽ തന്നെ വെളിപ്പെടും. അടുത്ത വിലയിരുത്തലെന്നത് സാഹിത്യത്തിൻ്റെ മേന്‍മയുമായി ബന്ധപ്പെട്ടതാണ് എന്തുതരം ഭാവുകത്വമാണ് കൃതി മുന്നോട്ടുവെക്കുന്നത്. ഭാഷാപരവും ശൈലീപരവുമായ പ്രത്യേകതകളെന്ത് എന്നെല്ലാം ഇതിൽ വരും. ഇവയെ അതിജീവിക്കുന്ന രചനകൾ പിൽക്കാല വായനക്കാരിലൂടെ 'സാഹിത്യത്തിൻ്റെ നേര്' എന്ന ഗുണം പ്രകടിപ്പിക്കുമ്പോൾ, അത് ഒരു പ്രത്യേക കാലത്തിനപ്പുറവും നിലനിൽക്കാൻ ശേഷിയുള്ള ഒന്നായി മാറും. ഈ പണിയെല്ലാം ചെയ്യുന്നത് മനുഷ്യരാണ്, വായനയിൽ തങ്ങളുടെ ബുദ്ധി ഉപയോഗിക്കാൻ ശീലിച്ച സാധാരണ മനുഷ്യരാണ് ഈ 'കാലം'. ഒരു പ്രത്യേക കാലപരിധിയിൽ ഒതുങ്ങാത്ത വായനക്കാരുടെ കൂട്ടത്തെയാണ് ഇത് അർത്ഥമാക്കുന്നത്. ഇത്തരം വായനക്കാർ ഇല്ലാത്ത കാലം ഒരിക്കലും മെച്ചപ്പെട്ട കൃതികളെ കണ്ടെടുക്കാൻ പോകുന്നില്ല.

0 comments:

Post a Comment