നേരെചൊവ്വെ പങ്കുവെക്കാൻ പ്രയാസമുള്ളതും സങ്കീർണ്ണമായതുമായ കാര്യങ്ങളെ ആവിഷ്കരിക്കാനാകുന്ന മാധ്യമമെന്ന നിലയിലാണു കവിത എൻ്റെ എഴുത്തുരൂപമാകുന്നത്. ആദ്യ വായനയിൽ ലളിതമെന്ന തോന്നൽ ഉണ്ടാക്കുകയും അതേസമയം അനേകം സാധ്യതകൾ മുന്നോട്ടുവെക്കാനാകും എന്നതിനാൽ സങ്കീർണ്ണമായിരിക്കുകയും ചെയ്യുന്ന കവിതകൾ എഴുതാനാണ് പൊതുവെ ഞാൻ ആഗ്രഹിക്കുന്നത്. കവിതയ്ക്കായി ഞാൻ ആശ്രയിക്കുന്ന ഭാഷ, അതായത് മലയാളം, എന്നെ സംബന്ധിച്ച് കവിതയിലേക്ക് എത്തിച്ചേരാനുള്ള മീഡിയം മാത്രമാണ്. മലയാള ഭാഷായുടേതായ ചില സൗന്ദര്യസാധ്യതകൾ ഞാൻ ഉപയോഗിക്കാറുണ്ട്, ഇല്ലെന്നല്ല. എന്നിരിക്കിലും മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വല പോലെയാണ് എനിക്ക് മലയാളം. മീൻ കിട്ടി കഴിഞ്ഞാൽ പിന്നെ പിടിക്കാൻ നോക്കിയ ആളും മീനും തമ്മിലാണ് ഇടപാട്. അതേമട്ടിൽ കവിതയിൽ എത്തിക്കഴിഞ്ഞാൽ കവിതയും കവിയും തമ്മിലുള്ളത്, പിന്നീട് കവിതയും വായനക്കാരനും തമ്മിലുള്ളതും, കവിതയുടെ ഭാഷയിൽ കവിതയ്ക്കുമേൽ നടത്തുന്ന വിനിമയമാണ്. ഭാഷയ്ക്കുള്ളിലെ ആ ഭാഷയിൽ കവിത വായനക്കാരനോട് പങ്കുവെക്കുന്നതും വായനക്കാരൻ മനസ്സിലാക്കിയെടുക്കുന്നതും കവിയുമായി സംവദിച്ച കാര്യങ്ങൾ ആകണമെന്നുപോലുമില്ല. ഇതൊരു വേറിട്ട സങ്കൽപ്പമൊന്നുമല്ല. എങ്കിലും കവിതയെ കൂടുതൽ കവിതയാക്കി മാറ്റുകയാണ് ഒരു കവിയെന്ന നിലയിൽ ഇക്കാലത്ത് ചെയ്യേണ്ടതെന്ന എന്റെ ധാരണയ്ക്ക് അടിവരയിടാൻ ഇതിനാകുന്നുണ്ട്.
0 comments:
Post a Comment