എന്റെ ഭാഷയിലെ എഴുത്തുകാരെ, കവികളെ വിശേഷിച്ചും, എന്റെ സുഹൃത്തുക്കൾ കൂടിയായ ചിലർ വിമർശിക്കുന്നത് പതിവാണ്. ഈ വിമർശനങ്ങളുടെ കാതൽ എന്തെന്ന് തിരിച്ചറിയാനായതുകൊണ്ട് എനിക്കു അവരുടെ വാദങ്ങളെ സാമാന്യബോധത്തെ മുൻനിർത്തി അംഗീകരിക്കാൻ മാത്രമേ സാധിക്കാറുള്ളൂ. അതേസമയം ഈ കവികളുടെ 'നിഷ്കളങ്കത' നേരിട്ടും പലരിലൂടെയും അറിയാൻ ആയതുകൊണ്ട് ഇവരോട് സഹതാപവും തോന്നാറുണ്ട്. ഇക്കാരണത്താൽ മാത്രം എഴുതുകയാണ്. താല്പര്യമുഉള്ളവർക്ക് മുഖവിലയ്ക്കെടുക്കാം.
തന്റെ അറിവിനെയും അനുഭവപരിസരത്തെയും മാത്രം ഗൗനിക്കുന്ന, മറ്റിടങ്ങളിലേക്ക് നോട്ടമെറിയാത്ത എഴുത്തുകാരാണ് മിക്കവാറും വളരെ പരിഹാസ്യമായ രീതിയിൽ വിമർശനം ഏൽക്കേണ്ടി വരുന്നത്. ഇവരുടെ അജ്ഞതയാണ് പലപ്പോഴും ഇത്തരം വിമർശനങ്ങൾക്കുള്ള കാരണമായി മാറുന്നത്. ഒരാളുടെ അജ്ഞത എത്രത്തോളം കൂടുന്നോ അത്രത്തോളം അദ്ദേഹത്തിന് ജീവിതത്തിൽ കൗതുകം, ആശ്ചര്യം പോലെയുള്ള കേവല വികാരങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടും. ഇതെല്ലാം എഴുത്തിൽ കൊണ്ടുവന്നാൽ എല്ലാവരും അതേ കേവലതയിൽ അഭിരമിക്കും എന്നു കരുതാതിരിക്കാൻ ശ്രദ്ധിച്ചാൽ നന്ന്.
മറ്റൊരു പ്രധാന കാര്യം, നമ്മുടെ ചുറ്റുപാടും ഉണ്ടാകുന്ന മാറ്റങ്ങളെ മൊത്തത്തിൽ ആശങ്കയോട് കൂടി സമീപിക്കുന്ന രീതിയാണ്. കവിതയിൽ ഇതൊരു ഉപരിപ്ലവവും ക്ളീഷെയും ആയ സമീപനമാണ് എന്നുമാത്രമല്ല. ഇതിൽ പ്രകടമായി നിൽക്കുന്നത് സവർണ്ണ മനോഭാവത്തിന്റെ സ്വഭാവമാണ്. നിലനിൽക്കുന്ന വ്യവസ്ഥയിൽ സംതൃപ്തരും അതിന്റെ ആനുകൂല്യങ്ങൾ കൈയ്യാളുകയും ചെയ്യുന്ന മനുഷ്യർക്കാണ് പൊതുവെ ഇത്തരം 'ആശങ്ക' ഉണ്ടാകേണ്ടത്. അരികുവത്കരിക്കപ്പെട്ട/ ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യരുടെ സമീപനം ഏതൊരു മാറ്റത്തെയും അഥവാ മാറ്റത്തിനുള്ള നീക്കത്തെയും 'ഉൾക്കൊണ്ടു'കൊണ്ട് അവയെ വിശകലനം ചെയ്യാനുള്ള ശ്രമമാകും. ഭേദപ്പെട്ട ഒന്നിലേക്കാവുമോ ഇതെന്നാണ് അവരുടെ ആലോചന. നമ്മുടേത് പോലൊരു സമൂഹത്തിൽ മാറ്റത്തോട് ഈ 'ആശങ്ക'യോടുകൂടിയ സമീപനം സവർണ്ണരുടെ 'ട്രോമ'യാണ്. അതാണോ തങ്ങളുടെ എഴുത്തിൽ പ്രതിഫലിക്കുന്നതെന്ന് സ്വയം വിലയിരുത്തൽ നടത്തിയാൽ നല്ലത്.
മലയാളിയുടെ ഭാവുകത്വത്തിൽ ഏതെങ്കിലും രീതിയിൽ മാറ്റം കൊണ്ടുവരണം എന്നതാണ് ഒരു എഴുത്താൾ എന്ന നിലയിൽ നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, അതിനെ ഫ്യൂഡൽ ഗ്ലോറിഫിക്കേഷനിൽ നിന്നും മോചിപ്പിക്കുക എന്നതാണ് ആദ്യത്തെ കടമ്പ. വിപണിയും അക്കാദമിക് മേഖലയും എസ്റ്റാബ്ലിഷ്ഡ് എഴുത്തുകാരും ഒന്നും നിങ്ങളുടെ കൂടെ കാണണം എന്നില്ല. പക്ഷെ സ്വന്തം കലാസൃഷ്ടിയിലെ മനുഷ്യപ്പറ്റ് നിങ്ങളുടെ കൂടെ കാണും, പുതിയ ഭാവുകത്വത്തിലേക്കുള്ള ഒരു പാതയും.