കാല്പനികതയുടെ കുറവ്

ഓരോ കാലത്തെയും അടയാളപ്പെടുത്തുന്ന പ്രധാന ജനപ്രിയ ഭാവുകത്വത്തെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊള്ളാനും അവയിൽ നിന്നും മുന്നോട്ടുസഞ്ചരിക്കാനിടയുള്ള സവിശേഷതകൾ എന്താകുമെന്നു തിരിച്ചറിയാനും എഴുത്തുകാർക്ക് സാധിക്കേണ്ടതുണ്ട്. ‘ലിറിക്കൽ ബല്ലാർഡി’ന് എഴുതിയ ആമുഖത്തിൽ വില്യം വേർഡ്സ്വെർത്ത് കവിതയെ ‘പ്രബലമായ വികാരങ്ങളുടെ നൈസർഗ്ഗികമായ കവിഞ്ഞൊഴുകൽ’ എന്നു വിശേഷിപ്പിച്ചതിനെ മുൻനിർത്തി മാത്രമാണ് പലപ്പോഴും കാൽപ്പനിക കവിതയും അതിൻ്റെ ഭാവുകത്വവും വിലയിരുത്തപ്പെട്ടത്. പിൽക്കാലത്ത് കാല്പനികത ഒരു നിലവാരം കുറഞ്ഞ ഭാവുകത്വലക്ഷണമായിപ്പോലും വിലയിരുത്തപ്പെടാൻ തുടങ്ങി. അതിനൊരു പ്രധാന കാരണമായി എനിക്കു അനുഭവപ്പെടുന്നത് അലങ്കാരവർണ്ണനകളിലും അതിഭാവനയിലും അഭിരമിക്കുന്ന പ്രവണതയെ കാല്പനികതയായി മനസ്സിലാക്കാനും അവയ്ക്ക് തുടരെഴുത്തുകൾ ഉണ്ടാകാനും ഇടയായതാണ്.

അലങ്കാരവർണ്ണന ഒരു ജനാധിപത്യസ്വഭാവമല്ല മുന്നോട്ടുവെക്കുന്നത്. ഉള്ളതിനെ പെരുപ്പിച്ചു കാണിക്കുന്നത് പോലുള്ള സ്വഭാവങ്ങൾ അലങ്കാരവർണ്ണനകളിൽ ഉണ്ടാകാനിടയുണ്ട്. രാജഭക്തിയും ദൈവഭക്തിയും വെളിപ്പെടുത്താൻ ഉപയോഗിക്കപ്പെട്ട കാവ്യഘടകംകൂടിയാണല്ലോ അലങ്കാരവർണ്ണന. താളാത്മകമായ ഒഴുക്ക് (മുമ്പ് എഴുതിയ പോസ്റ്റ് കമന്റിൽ) എങ്ങനെയാണ് എഴുതപ്പെട്ട കാര്യത്തിലെ തീവ്രത ഇല്ലാതാക്കി കവിതയെ മയപ്പെടുത്തി വായനക്കാരെ മയക്കുന്നത്, അതിനു സമാനമായ ദോഷം ശക്തമായ കാര്യങ്ങൾ ഉന്നയിക്കുന്ന എഴുത്തുകൾക്ക് ഇത്തരം കാൽപ്പനികസ്വഭാവങ്ങൾ കൈവന്നാലും ഉണ്ടാകാം.

ഭാവുകത്വത്തിൻ്റെ ജനാധിപത്യവത്കരണത്തിനുള്ള അന്തരീക്ഷം ഒരുക്കുന്നതിൽ കാൽപ്പനിക കവികൾ മറ്റൊരു രീതിയിൽ വഹിച്ച പങ്കാണ് ഇക്കാലത്തു നിന്നുനോക്കുമ്പോൾ കാൽപ്പനിക കവിതയുടെ പ്രധാന നേട്ടവും മാറ്റവുമെന്നും നിരീക്ഷിക്കാനുമാകും. സാധാരണ മനുഷ്യർക്കും അഗാധമായ വൈകാരികാനുഭവങ്ങളുണ്ടെന്നും അവയുടെ ആവിഷ്കരണത്തിനായി അവരുടെ വ്യവഹാരഭാഷയിൽ കവിത സാധ്യമാണെന്നുമുള്ള ഭാവുകത്വത്തെ മുന്നോട്ടുവെക്കുകയായിരുന്നു വേർഡ്സ്വെർത്തിനെ പോലെയുള്ള കാൽപ്പനികകവികൾ. സമൂഹികമാറ്റത്തിലേക്ക് നയിക്കാൻ കെൽപ്പുള്ള വിപ്ലവസ്വഭാവമുള്ള ഊർജ്ജമായി കാവ്യഭാവുകത്വത്തെ പെഴ്സി ബിഷ് ഷെല്ലി നിരീക്ഷിച്ചതും ഇതിനോട് ചേർത്തുകാണേണ്ടതുണ്ട്.

പക്ഷേ, ചങ്ങമ്പുഴ കൃഷ്ണപിള്ള സ്വാംശീകരിച്ചെടുത്ത കാൽപ്പനിക കവിതയുടെ സ്വഭാവ സവിശേഷതകളിലൂടെ കാൽപ്പനികതയെ അറിഞ്ഞ മലയാളികൾക്ക് എസ്. ജോസഫിലെ കാൽപ്പനിക ഭാവുകത്വം എളുപ്പത്തിൽ പിടികിട്ടിയില്ല എന്നതിന് ഒരു കാരണം കാൽപ്പനികതയെ അതിവൈകാരികതയിലൂന്നിയ വർണ്ണനകളിൽ മാത്രം ചുരുക്കിക്കാണാൻ ഇടയായതാകാം. സാധാരണ മനുഷ്യൻ്റെ ഭാഷയിൽ സാധാരണ മനുഷ്യൻ്റെ അനുഭവങ്ങളും വികാരങ്ങളും ആവിഷ്കരിക്കുക വഴി എസ്. ജോസഫ് കാൽപ്പനിക ഭാവുകത്വത്തിൻ്റെ ചില സ്വഭാവസവിശേഷതകൾ പ്രകടമാക്കി. അദ്ദേഹത്തിൻ്റെ ദളിത് അനുഭവപരിസരം ആ കാൽപ്പനിക ഭാവുകത്വത്തിൻ്റെ ജനാധിപത്യസ്വഭാവത്തിന് അധികമാനം നൽകി.

കാല്പനികസ്വഭാവത്തിന്റെ മനോഹാരിത പലപ്പോഴും പറയുന്ന വിഷയത്തിന്റെ ശക്തിയും ഊർജ്ജവും ഊറ്റാറുണ്ട്. മേൽപ്പറഞ്ഞ വിധത്തിൽ കാല്പനിക കവിയായ എസ്. ജോസഫിന്റെ കവിതകളിൽ ഇല്ലാത്ത രോഷവും ശക്തിയും ഊർജ്ജവും അലീനയുടെയും സുധീർ രാജിന്റെയും വിപിതയുടെയും കവിതകളിൽ അനുഭവപ്പെടുന്നത് ഇക്കാരണത്താലാകാം. കാല്പനികതയുടെ ജനാധിപത്യസ്വഭാവങ്ങൾ പോലും, കവിതയെ ഒരു രാഷ്ട്രീയായുധമാക്കി മാറ്റുന്നതിൽ ഗുണം ചെയ്യാനിടയില്ല. പലപ്പോഴും വിഷയത്തിന്റെ ശക്തി ഊറ്റും. അതിനാൽ മനോഹരമായ രാഷ്ട്രീയ കവിതകൾ എഴുതാൻ എസ്. ജോസഫിനെ മാതൃകയാക്കാം. ശക്തമായ രാഷ്ട്രീയ കവിതകൾക്ക് അദ്ദേഹം ഒരു മാതൃകയാകണം എന്നില്ല.

0 comments:

Post a Comment