നമുക്ക് ചുറ്റുമുള്ള ലോകത്തെയും നമ്മുടെ ഭാഷയെയും കവിതകൊണ്ട് പുതുക്കാനാകുന്നു. മറ്റെല്ലാവരും ഉപയോഗിക്കുന്ന അതേഭാഷ തന്നെയാണ് കവികളും ഉപയോഗിക്കുന്നത് എന്നാൽ കേവലം ആശയവിനിമയം എന്നതിനപ്പുറത്തേക്കു ഭാഷയെ കൊണ്ടുപോകാനും അതുവഴി ഭാഷയെയും ചുറ്റുപാടുകളെയും പുതുക്കാനും സാധിക്കുന്നതുകൊണ്ട് ഞാൻ കവിതയ്ക്കൊപ്പം സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നു. റഷ്യൻ ചിന്തകനായ വിക്റ്റർ ഷ്ക്ലോവ്കി കലാഭാഷയുടെ ഈ ശേഷിയെ “ostraneniye” എന്നു വിളിക്കുന്നു. പരിചിതമായതിനെ മറ്റൊരു രീതിയിൽ നോക്കിക്കാണുന്നതിനെയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഇതിലേക്കു നയിക്കുന്ന കലകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കവിത. ഇങ്ങനെയൊരു ശേഷി എല്ലാകാലത്തും പ്രകടിപ്പിക്കുന്ന കലകൾ എല്ലാ കാലത്തും പുത്തനായി നിൽക്കുമായിരിക്കും.
എഴുതപ്പെട്ട വരികൾ കവിതയായി മാറുന്നത് ഒരു പ്രക്രിയയാണ്. ആ പ്രക്രിയ പൂർത്തീകരിക്കാൻ എഴുതപ്പെട്ട വരികൾക്കു പുറമെ വായനക്കാരനും അയാളുടെ ലോകവും ആവശ്യമാണ്. എഴുതപ്പെട്ടത് നൂറ്റാണ്ടുകൾക്കു മുമ്പാണെങ്കിലും കവിതയായി മാറുന്ന പ്രക്രിയ ഇന്നിൽ നിൽക്കുന്ന വായനക്കാരനിലൂടെ പൂർത്തീകരിക്കാനാകുന്നുവെങ്കിൽ അവിടെ എഴുതിയകാലത്തെ അടിസ്ഥാനമാക്കിയുള്ള കവിതയുടെ പഴക്കം പ്രാധാന്യം അർഹിക്കുന്നില്ല. അതിനാൽതന്നെ കവിതയിലെ പുതുമ കവിയുടെ കാലത്തെ അടിസ്ഥാനമാക്കി നിർണ്ണയിക്കുന്നതിൽ വലിയകാര്യമില്ല.
ഇറാൻ കൊലിറിന്റെ
ദ് എക്സ്ചേഞ്ച് എന്ന സിനിമ പുതുമയെ സംബന്ധിച്ച എന്റെ സങ്കൽപ്പങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. സിനിമയിലെ പ്രധാന കഥാപാത്രമായ കോളേജ് അധ്യാപകൻ എന്നും ഒരേ രീതിയിൽ ജീവിതം തുടരുന്ന ഒരാളാണ്. ഒരു ദിവസം പതിവിന് വിപരീതമായി പകൽനേരത്ത് വീട്ടിലെത്തുമ്പോൾ ആ നേരത്തെ വീടകം അയാളിൽ നവ്യാനുഭവമാകുകയാണ്. അയാൾ എന്നും രാവിലെ കോളെജിൽ പോകുമ്പോൾ കാണുന്നതോ വൈകീട്ട് വീടെത്തുമ്പോൾ കാണുന്നതോ ആയ അകമല്ല ആ പകലിൽ അയാൾ അനുഭവിക്കുന്നത്, ഈ തിരിച്ചറിവാണ് പുതുമയ്ക്ക് കാരണമാകുന്നത്. തൊട്ടടുത്ത ദിവസം എന്നും ഇറങ്ങാറുള്ള ബസ് സ്റ്റോപ്പിനു പകരം തൊട്ടപ്പുറത്തെ സ്റ്റോപ്പിൽ ഇറങ്ങി അയാൾ കോളെജിലേക്ക് നടക്കുന്നു. ഇത്തരത്തിൽ താൻ കാലങ്ങളായി പിന്തുടർന്നുവരുന്ന തന്റെ ദിനചര്യകളിൽ മാറ്റം വരുത്തുകയും ആ ചെറുമാറ്റങ്ങളിലൂടെ അയാൾ തന്റെ ജീവിതത്തെ നവീകരിക്കുകയും ചെയ്യുന്നു. പരിചിതമായതിൽ നിന്നുള്ള വേറിടൽ വായനയിലെ മടുപ്പിനെ മറികടക്കാൻ കവിതാവായനക്കാരൻ എന്ന നിലയിൽ എന്നെ സഹായിക്കുന്നു. എല്ലാത്തരം കവിതകളും വായിക്കുന്നു.
മറ്റൊരു ഭാഷയിലെ കവിത വായിക്കുന്നതിനെ പറ്റി ഒലാവ് എച്ച്. ഹോഗ് ഇങ്ങനെ എഴുതുന്നു: ഒരന്യഭാഷയിലെ കവിത വായിക്കുന്നത് എപ്പോഴും ആനന്ദപ്രദമാണ്. അന്യവും വൈദേശികവുമായത് എപ്പോഴും നമ്മെ വശീകരിക്കും. ഒരന്യഭാഷ സ്വന്തം ഭാഷ പോലെ ഒരിക്കലും നമുക്കു വ്യക്തമായിരിക്കില്ല, അത്ര ഉപയോഗിച്ചു പഴകിയതുമാവില്ല. സകലതും, ഏറ്റവും സാധാരണമായ കാര്യം പോലും നമുക്കു പുതുമയായി തോന്നും.
ഇംഗ്ലീഷ് ഭാഷയിൽ വായിക്കാൻ തുടങ്ങിയ സമയത്ത് ‘തെറ്റായി വായിക്കൽ’ പതിവായി സംഭവിക്കുന്ന കാര്യമായിരുന്നു. പിന്നീട് സാമാന്യം തരക്കേടില്ലാതെ അർത്ഥം മനസ്സിലാക്കാൻ തുടങ്ങിയപ്പോൾ മാത്രമായിരുന്നു ആ വായന തെറ്റായിരുന്നുവെന്നു തിരിച്ചറിഞ്ഞത്. ഇപ്പോൾ മറ്റൊരു തിരിച്ചറിവ് കൂടി ഉണ്ടായിരിക്കുന്നു: കവിതയിൽ ‘തെറ്റായി വായിക്കൽ’ ഒരുതരത്തിൽ ശരിയായ വായനയിലൊന്നാണ്.
0 comments:
Post a Comment